ശ്രദ്ധേയമായ വാമനപുരം മേജര്‍ കുറ്റൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
24-നാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
പരമാചാര്യന്‍ വി.ബി. മാധവന്‍നമ്പൂതിരി തൃശ്ശൂര്‍, സഹാചാര്യന്മാരായ കൃഷ്ണന്‍നമ്പൂതിരി പയ്യന്നൂര്‍, ശങ്കര സുബ്രഹ്മണ്യന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. പരികര്‍മികളായ രാജസുബ്രഹ്മണ്യശര്‍മ, തുളസീദാസ്, വിനോദ്, ഉല്ലാസ്, അഭിജിത്ത് തുടങ്ങിയവരും യജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഭാഗവത പാരായണം, വാസ്തുപൂജ, മഹാഗണപതിഹവനം, സ്വയംവര പാര്‍വതിപൂജ, കലശപൂജ, വിദ്യാപൂജ, വിദ്യാഗോപാലാര്‍ച്ചന, ദശാവതാരപൂജ, ശ്രീകൃഷ്ണാവതാര ദര്‍ശനം, തുളസീപൂജ എന്നീ പ്രധാന പൂജകളും നടന്നു.
വെള്ളിയാഴ്ച നടന്ന രുക്മിണീസ്വയംവര ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കുകൊണ്ടു.
ഇതോടൊപ്പം തന്നെ ആത്മീയപ്രഭാഷണവും അന്നദാനവും നടന്നുവരികയാണ്.
മൂന്നിന് രാവിലെ 9.30ന് സന്താനഗോപാലപൂജയും അഞ്ചിന് ദശകുമാര ബ്രാഹ്മണപൂജയും 7.30ന് ആത്മീയ പ്രഭാഷണവും നടക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് നടക്കുന്ന അവഭൃഥസ്‌നാനഘോഷയാത്രയോടെ സപ്താഹയജ്ഞം സമാപിക്കും. 12 ന് സമൂഹസദ്യയും ഉണ്ടായിരിക്കും.
No comments:
Post a Comment